അപൂര്‍ണ്ണ വൃത്തം.
അനഘ. ഇ
“ആരംഭത്തില്‍ തന്നെ അവസാനിച്ചാലേ വൃത്തം പൂര്‍ണ്ണമാവൂ...”
നന്ദുവിനെ കണക്ക് പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞതാ...
വള്ളിനിക്കറിട്ട് ഒന്നാം ക്ലാസ്സില്‍ തുടങ്ങിയ സൗഹൃദം പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞു പത്താം ക്ലാസ്സിലെ അവസാന അധ്യയന ദിനത്തിന്‍റെ കയ്പ്പിലാണ്.
മുഹമ്മദ്, നന്ദു, അനു, മാനുവല്‍ ഇവരും സങ്കടത്തിലാണ്. ഭൂമി ഉരുണ്ടതാണല്ലോ, എവിടെ എങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിലാണ് എല്ലാരും.
ക്ലസ്സിലെ മിടുക്കിയാണ് അനു. പഠിച്ചു വല്യ ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ച് +2 സയന്‍സ് പിന്നീട് എന്ട്രന്‍സ് കോച്ചിംഗ്... അങ്ങനെ ഭാവിയിലേക്കുള്ള സ്വപ്നങ്ങള്‍ നീണ്ടുപോകുന്നു.
നന്ദു നേരെ വിപരീതം, എങ്ങനെ എങ്കിലും SSLC കടന്നു കയറണം, പിന്നെ ഹുമാനിറ്റീസ്, അത് മാത്രമാണ് അവന്‍റെ മനസ്സില്‍.
മുഹമ്മദ്, വാഹനങ്ങളെ സ്നേഹിച്ച കൂട്ടുകാരന്‍. മുന്നിലൂടെ പോകുന്ന വണ്ടിയുടെ ടയര്‍ മുതല്‍ എന്‍ജിന്‍ വരെ മനപ്പാഠം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, അതില്‍ കുറഞ്ഞത് അവന് ചിന്തിക്കാനേ കഴിയില്ലായിരുന്നു.
മാനുവല്‍ ക്ലാസ്സിലെ പ്രാസംഗികനായിരുന്നു, അധ്യാപകന്‍ ആവാന്‍ വേണ്ടി ആഗ്രഹിച് BSc കഴിഞ്ഞ് BEd ഇങ്ങനെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി.
സങ്കടങ്ങളെ ഒതുക്കി നേരത്തെ കുറിച്ചിട്ട ആഗ്രഹങ്ങള്‍ക്ക് പിന്നാലെയായി തുടര്‍ന്നുള്ള അവരുടെ ദിവസങ്ങള്‍.
പുതിയ ചിന്തകള്‍, സുഹൃത്തുക്കള്‍, കാഴ്ചപ്പാടുകള്‍... കുട്ടികളില്‍നിന്ന് മുതിര്‍ന്നവരാവാന്‍ ഏറെനാളുകള്‍ വേണ്ടിവന്നില്ല.
എഞ്ചിനീയറായ മുഹമ്മദ്, ഡോക്ടറായ അനു, അധ്യാപകനായ മാനുവല്‍, പിന്നെ നന്ദുവും...
ഇന്നവര്‍ കേരളത്തിലെ ഒരു പഞ്ചായത്ത് ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ്.
അഭിരുചിയുടെ വൈവിധ്യത്തില്‍ വേര്‍പിരിഞ്ഞ സുഹൃത്തുക്കള്‍ വീണ്ടും ഒരേ പഥികരായി യാത്ര തുടരുമ്പോള്‍....
എന്തുപഠിച്ചാലും ആഗ്രഹിച്ചാലും കറങ്ങിത്തിരിഞ്ഞ് ഒരേ നിലയിലുള്ള സര്‍ക്കാര്‍ ജോലിയില്‍ എത്തിച്ചേരുമ്പോള്‍ നന്ദു ആലോചിച്ചത് അന്ന് ടീച്ചര്‍ പറഞ്ഞ വൃത്തത്തെക്കുറിച്ചായിരുന്നു.
ഈ വൃത്തം യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമാണോ...?
Comments
Post a Comment