മരണാനന്തരം


- മാളവിക


ഒറ്റതിരിയിട്ടു,,
മുനിഞ്ഞു കത്തുന്നൊരു വിളക്കിനറ്റത്തൊരാളെരിഞ്ഞു 
തീരുന്നതെത്ര വേഗമാ-
ണെന്നോർത്തിട്ടുണ്ടോ?? ! 
മരിച്ചവീടുകളിലെന്നെങ്കിലു-
മൊന്നെത്തിനോക്കണം..,, 
ഉത്തരമവിടെയാണ്...!

ഒരായുസ്സൊടുങ്ങി,
എരിഞ്ഞുതീർന്ന 
മനുഷ്യരെ നിങ്ങൾക്കവിടെ 
കാണാൻ കഴിയില്ല...  
അച്ഛനെന്നോ അമ്മയെന്നോ ഭാര്യയെന്നോ ഭർത്താവെന്നോ, 
മറ്റെന്തുതന്നെയോ വിളിച്ചു 
നിങ്ങളെയാരുമവിടെ 
അഭിസംബോധന ചെയ്യില്ല.. 
നിങ്ങളുടെ മരണം മുതൽ 
നിങ്ങളൊരു പരേതൻ 
മാത്രമാണ്... 
നിങ്ങളുടെ
മരണമേല്പിക്കുന്ന ആഘാതം
പോലുമേഴുദിവസത്തിൽ 
ഒതുങ്ങുന്നത് തികഞ്ഞ 
നിസ്സഹായതയോടെ 
നിങ്ങൾക്ക് നോക്കിനിൽക്കാം...
കരിന്തിരി കത്താതെ, 
കെടാതെ 
ഏഴുപകലുകളവരതിനു 
കാവലിരിക്കും..!
മുറിവുകളിലുപ്പു 
തേക്കാത്തവർപോലും
നിനക്കുവേണ്ടി ഉച്ചത്തിൽ 
കരയും,,, 
നിന്റെ കഞ്ഞിയിൽ 
കല്ലുവാരിയിട്ടവർ,  
അവരെ ആശ്വസിപ്പിക്കും...,, 
ഒന്നിനുംകൊള്ളാത്തവനെ-
ന്നുറക്കെ വിളിച്ചവർ, 
അവർക്ക് ഇലയിട്ട് സദ്യവിളമ്പും... 
തികഞ്ഞ നിസ്സഹായതയോടുകൂടിതന്നെ 
അത് നോക്കിനിന്നെക്കുക ;
ശബ്ദിക്കാൻ കഴിയില്ല,, 
നിന്റെ ചെറുവിരലുപോലു-
മനക്കാൻ കഴിയില്ല,, 
കാരണം,,  
നീ മരിച്ചുപോയിരിക്കുന്നു.!!
ഭിത്തിയിൽ തൂങ്ങുന്ന 
ചില്ലുകൂടിനകത്തു 
നിനക്കിനി ചിരിച്ചുനിൽക്കാം..;
ഒരുരുള ചോറും, 
ഒരുപിടി എള്ളുംപൂവും 
തന്നവരൊരിക്കൽകൂടി 
നിന്നെ വിളിക്കും,, 
അപ്പോഴും ചിരിച്ചുതന്നെയിരിക്കുക...
മരണാനന്തരം, 
പരേതൻ പ്രേതമായി 
പകവീട്ടാതിരിക്കാനുള്ള 
കൈക്കൂലി മാത്രമാണത്.. !
ചിരിക്കാതെ നീ  മറ്റെന്തുചെയ്യാൻ !!! 

നീയൊറ്റക്കിരുന്നു കരഞ്ഞു
തീർത്തതും,,  
നെഞ്ചിലുമിത്തീ പോലെരിച്ചു 
തീർത്തതും,, 
മരണം ഉപാധികളൊന്നുമില്ലാതെ 
ഏറ്റുവാങ്ങും..,
നിന്നെ ഉടലോടെ 
സ്വാതന്ത്രനാക്കും.. !! 
നെഞ്ചുനീറാതെ, 
ഉള്ളുപൊള്ളാതെയിനി 
നിനക്കുറങ്ങാം..,
ഒരുടലിന്റെ ഭാരം 
പോലുമില്ലാതെ,
ഒന്നിനെയും കാത്തുനിൽക്കാതെ 
ഇനിയീ ഇരുട്ടിലെങ്കിലും 
നീ പടിയിറങ്ങിയേക്കുക ; 
തിരിഞ്ഞ് നോക്കാതെ 
നടന്നേക്കുക..... !!! 

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും