നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും
- സി. ബി. മൊയ്തീൻ ചെങ്കള ജീവിതത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ഗതിവേഗം ലഭിക്കുന്നത് സമ്പൂര്‍ണമായ ഒരു വിദ്യാര്‍ത്ഥിത്വത്തിന് തന്നെതന്നെ സമര്‍പ്പിക്കുമ്പോഴാണ്. എന്താണ് വിദ്യാര്‍ത്ഥിത്വം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിച്ച് വര്‍ത്തമാനത്തിന്‍റെ ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍ ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ നൈപുണ്യം ആര്‍ജ്ജിക്കുന്നവനാണ് വിദ്യാര്‍ത്ഥി. വിദ്യക്കുവേണ്ടി അര്‍ത്ഥിക്കുന്നവര്‍ അഥവാ അഭ്യസിക്കുന്നവരൊക്കെ കേവലമായ അര്‍ത്ഥത്തിലേ വിദ്യാര്‍ത്ഥി ആകുന്നുള്ളു. എന്നാല്‍ വിദ്യാര്‍ത്ഥിത്വം വികലമായ വിദ്യാസമ്പാദനമല്ല ; മാനവീയതയുടെ ഈടുവെപ്പിന് വേണ്ടി സമകാലികസമൂഹസംവിധാനത്തില്‍ ഔചിത്യപൂര്‍വ്വം തന്‍റെ അഭിരുചികളെ ഇണക്കി പ്രയോഗിക്കലാണ്. അറിവ് ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ ഈ ശേഷിയെ ആസൂത്രിതമായും സാമൂഹ്യമായും, ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പഠന നൈപുണ്യമുള്ള ഏകജീവി എന്നനിലയ്ക്ക് പ്രകൃതിയെയും സ