കരയുവാൻ കണ്ണു നീരില്ല

- സി. ബി. മൊയ്തീൻ ചെങ്കള


ഇന്നെനിക്ക് കരയുവാൻ 
കണ്‍കളിൽ കണ്ണു നീരില്ല 
കൊതിയോടെ കാത്തിരുന്നു 
നൊന്തു പെറ്റ ചോര പൈതലിന്റെ 
ചേതനയറ്റ മുഖമൊന്നു 
കാണാനെനിക്കിന്നു വയ്യ 

നൊന്തു പെറ്റ പിഞ്ചു പൈതലിന്റെ
കരച്ചിലൊന്നു ഞാൻ കേട്ടില്ല 
എന്റെ മാറിൽ ചുരത്തി --
യൊരമ്മിഞ്ഞ പാലിനായി 
ആ പിഞ്ചു  കുഞ്ഞൊന്നു കരഞ്ഞില്ല 

ഈ വീട്ടിലിന്നു 
കുഞ്ഞു കരച്ചിലില്ല 
കളിയില്ല  ചിരിയില്ല 
താരാട്ടു പാട്ടുമില്ലിവിടെ 
ചുറ്റും തളം കെട്ടി നിൽകുന്ന
ദു:ഖം മാത്രമാണിവിടെ 

സാന്ത്വന വാക്കു ചൊല്ലുന്ന 
പ്രിയതമന്റെയുള്ളിലെരിയുന്ന 
കനലും കലങ്ങിയ കണ്ണുകളും 
വാടിത്തളർന്ന മുഖവും കണ്ടു 
ഞാനെങ്ങിനെ സാന്ത്വനപ്പെടും 
പ്രിയനേ ചൊല്ലുക 
ഞാനെങ്ങിനെ സാന്ത്വനപ്പെടും 

പൊക്കിൾ കൊടി ബന്ധമൊന്നു 
വേർപ്പെടുത്തി നിന്നെ നൊന്തു പെറ്റ
മരണത്തിന്റെ പ്രാണ വേദന 
പകുതിയായി പകുത്തു നൽകിയ 
പിറവിയെ ഞാനെങ്ങിനെ മറക്കും 
കുഞ്ഞേ ഈ ജന്മമെനിക്കു 
മറക്കാനാവില്ലൊരിക്കലും 

നൊന്തു പെറ്റ മാതൃ ഹൃദയ 
വേദനയറിയുന്ന നാഥാ 
വിടരും മുമ്പേ എന്നിൽ നിന്നും 
പറിച്ചെടുത്ത കുഞ്ഞു പൂവിന് 
പകരമെനിക്കു തരൂ 
ഈ മാതൃ നൊമ്പരമൊന്നകറ്റൂ

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും