നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും
- സി. ബി. മൊയ്തീൻ ചെങ്കള
ജീവിതത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ഗതിവേഗം ലഭിക്കുന്നത് സമ്പൂര്‍ണമായ ഒരു വിദ്യാര്‍ത്ഥിത്വത്തിന് തന്നെതന്നെ സമര്‍പ്പിക്കുമ്പോഴാണ്. എന്താണ് വിദ്യാര്‍ത്ഥിത്വം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിച്ച് വര്‍ത്തമാനത്തിന്‍റെ ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍ ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ നൈപുണ്യം ആര്‍ജ്ജിക്കുന്നവനാണ് വിദ്യാര്‍ത്ഥി.
വിദ്യക്കുവേണ്ടി അര്‍ത്ഥിക്കുന്നവര്‍ അഥവാ അഭ്യസിക്കുന്നവരൊക്കെ കേവലമായ അര്‍ത്ഥത്തിലേ വിദ്യാര്‍ത്ഥി ആകുന്നുള്ളു. എന്നാല്‍ വിദ്യാര്‍ത്ഥിത്വം വികലമായ വിദ്യാസമ്പാദനമല്ല ; മാനവീയതയുടെ ഈടുവെപ്പിന് വേണ്ടി സമകാലികസമൂഹസംവിധാനത്തില്‍ ഔചിത്യപൂര്‍വ്വം തന്‍റെ അഭിരുചികളെ ഇണക്കി പ്രയോഗിക്കലാണ്.
അറിവ് ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ ഈ ശേഷിയെ ആസൂത്രിതമായും സാമൂഹ്യമായും, ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പഠന നൈപുണ്യമുള്ള ഏകജീവി എന്നനിലയ്ക്ക് പ്രകൃതിയെയും സമൂഹത്തെയും സംരക്ഷിച്ചുകൊണ്ട് പോകേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ മനുഷ്യന്‍ സന്നദ്ധനാകണം.
പഠിതാവായ മനുഷ്യന് മാത്രമെ അറിവിന്‍റെ വസ്തുനിഷ്ഠപഥങ്ങളിലൂടെ സഞ്ചരിക്കാനാവൂ. ഈ നിലയ്ക്ക് വിദ്യാര്‍ത്ഥിത്വം എന്നത് ജനിമൃതികള്‍വരെ നീളുന്ന പ്രക്രിയയാണ്. പക്ഷെ ഔപചാരിക വിദ്യാഭ്യാസം ഉപജീവനാര്‍ത്ഥം തൊഴിലിലേക്കോ ഉദ്യോഗത്തിലേക്കോ വഴി മാറുമ്പോള്‍ വിദ്യാലയ-കലാലയ ജീവിതത്തോടൊപ്പം പഠിപ്പ് ഔപചാരികമായി അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷക്ഷംപേരും. ഇതിനൊരു മാറ്റം ആവശ്യമാണ്. വിദ്യാര്‍ത്ഥിത്വത്തിന്‍റെ ഒരു ഘട്ടമാണ് ഉന്നതവിദ്യാഭ്യാസവും ഗവേഷണപഠനവും അടങ്ങുന്ന വിദ്യാലയഘട്ടം. ജീവിതത്തിന്‍റെ സമസ്ത വ്യവഹാരങ്ങളിലേക്കും പഠനം വ്യാപിക്കാനുള്ള ആന്തരിക പ്രേരണ അഥവാ വെമ്പല്‍ ഉണ്ടാക്കുകയാണ് വിദ്യാലയഘട്ടത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ വന്ധ്യമായ അറിവുകള്‍ കുത്തിനിറച്ച് പഠന പ്രക്രിയയുടെ ജൈവീകതയെ തല്ലിച്ചതക്കുകയാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെയുള്ള ഔപചാരിക വിദ്യാഭ്യാസക്രമം ചെയ്തത്.
കേരളത്തിലെ പുതിയ തലമുറയ്ക്കുള്ള ബഹുജനവിദ്യാഭ്യാസത്തിന്‍റെ വലിയ പാഠശാല ആയിരുന്ന എഴുപതുകളിലെ കോളേജ് കാമ്പസുകള്‍. അത് വിദ്യാര്‍ത്ഥികളില്‍ അധ്വാനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം, സാര്‍വ്വദേശീയത, സ്ഥിതിസമത്വബോധം, ആവിഷ്കാര സ്വാതന്ത്ര്യബോധം, സ്ത്രീനീതി, സാമൂഹ്യനീതി, പാരിസ്ഥിതികനീതി, സമരസജ്ജത എന്നീ ആശയങ്ങളെ ഉല്‍പ്പാദിപ്പിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതിന്‍റെ ജൈവപരമായ വികാസം ഉണ്ടാകുകയും ചെയ്തു.
ഏതാണ്ട് ഒരു ദശകമായി ക്യാമ്പസുകള്‍ ആഗോളവല്‍ക്കരണത്തിന്ന്‍റെ സാംസ്കാരഹീനമായ പ്രവണതകളിലേക്ക് കൂപ്പുകുത്തിയതായി കാണുന്നു. സാമ്രാജ്യത്വാഗോളീകരണത്തിന്‍റെ ആസൂരമായ ഉപഭോഗശീലങ്ങളും യൗവ്വനത്തിന്‍റെ അതിതീവ്രമായ വികാരവായ്പും, കാമദശകള്‍ വഹിക്കുന്ന ലാസ്യത്തിന്‍റെ ചുവടുകളും തൊണ്ണൂറുകളുടെ പകുതിയില്‍ കാമ്പസിനെ പിടികൂടിയെങ്കിലും കാമ്പസിന്‍റെ പ്രതിരോധാന്തരീക്ഷത്തെ മാരകമായി ബാധിച്ചിരുന്നില്ല . എന്നാല്‍ ആഗോളീകരണം കെട്ടഴിച്ചുവിട്ട അതിതീവ്രമായ വ്യക്തിവാദം പൊതുമണ്ഡലത്തിലെ നന്മകളെയും സാമൂഹ്യ ജീവിത മര്യാദകളെയും ആഴത്തില്‍ മുറിവേൽപ്പിച്ചു.
അക്ഷരമാലകൾ കോർത്തിണക്കി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന അറിവിന്റെ തീച്ചൂളകളാവണം ഓരോരുത്തരും. അറിവിന്റെ ലോകത്ത് വിജയപരാജയങ്ങളില്ല മറിച്ച് ഏറ്റക്കുറച്ചിലുകൾ മാത്രമാണുള്ളത്. അനന്തമായ അറിവിന്റെ ലോകത്തിൽ വായനകൾ എന്ന ഏണിപ്പടിയിലൂടെ ഉയരുമ്പോൾ സൂര്യനെ പോലെ സ്വയം പ്രകാശിക്കുകയും മറ്റുള്ളവർക്ക് വെളിച്ചമാവുകയും വേണം.
സംശയങ്ങളും, ചോദ്യങ്ങളും, അന്വേഷണങ്ങളും നിങ്ങളുടെ കൂടപ്പിറപ്പുകളാവട്ടെ.നന്മയുടേ യും നേരിന്റേയും മത്സര ഓട്ടത്തിൽ മുന്നേ ഉള്ളവർ പിന്നിലുള്ളവർക്ക് വഴി തുറക്കുന്നവരാകണം.
ഉൽപ്പന്നങ്ങൾ മാത്രമാക്കി തീർക്കാൻ ശ്രമിക്കുന്ന ഏത് വിദ്യാഭ്യാസ രീതിക്കും അപ്പുറത്ത് അറിവിന്റെ മായീക പ്രപഞ്ചം ഉണ്ടെന്ന സത്യം മറക്കാതിരിക്കാൻ ഓരോ വിദ്യാർത്ഥികൾക്കും കഴിയണം.
ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്താണ് അവിടുത്തെ സംസ്ക്കാര സമ്പന്നരായ പൗരന്മാര്‍. ഇന്നത്തെ വിദ്യാര്‍ത്ഥിയാണ് നാളത്തെ പൗരന്‍. ഒരു മനുഷ്യന്‍റെ സുവര്‍ണ്ണ കാലമാണ് അവന്‍റെ വിദ്യാര്‍ത്ഥി ജീവിതം. വിദ്യാര്‍ത്ഥി ജീവിതത്തില്‍ അവന്‍ തന്‍റെ ശക്തി വികസിപ്പിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി തന്‍റെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചുമുള്ള അറിവ് നേടുന്നു.
വിദ്യാര്‍ത്ഥി എന്ന വാക്ക് രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് ഉണ്ടായത്. - വിദ്യ + അര്‍ത്ഥി. ഇതിനര്‍ത്ഥം വിദ്യ നേടാനുള്ള ആഗ്രഹമുള്ളവന്‍ എന്നാണ്.
'കാകദൃഷ്ടി ബകധ്യാനം
ശ്വാന നിദ്ര തഥൈവ ച
അല്‍പാഹാരം ജീര്‍ണവസ്ത്രം
ഏതേ വിദ്യാര്‍ത്ഥി ലക്ഷണം'
കാക്കയെപ്പോലെ ചുറ്റുപാടുമുള്ളവയെക്കുറിച്ചുള് ള സമഗ്രജ്ഞാന ലാഭത്തിനായുള്ള ദൃഷ്ടി, കൊക്കിനെപ്പോലെ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധ. പരിസരം മറന്ന് ഉറങ്ങാതെ നായയെപ്പോലെ ശ്രദ്ധയോടെ ഉറങ്ങുവാനുള്ള കഴിവ്. മിതമായ ഭക്ഷണം, സാധാരണ രീതിയിലുള്ള ലളിത വസ്ത്രധാരണം ഇവയായിരിക്കണം വിദ്യാര്‍ത്ഥിയുടെ ലക്ഷണങ്ങള്‍.
ഒരു ആദര്‍ശവാനായ വിദ്യാര്‍ത്ഥി തന്‍റെ ഗുരുവിനെ ആദരിക്കുന്നതിന് ഒപ്പം പഠനത്തിലും അഭിരുചി കാണിക്കുന്നു. അവന്‍ പരിശ്രമശീലനും സ്വാശ്രയശീലനുമായിരിക്കും.
വിദ്യാര്‍ത്ഥി ജീവിതം നല്ലതല്ലെങ്കില്‍ അവരുടെ ഭാവി മോശമാകും. അങ്ങനെ അവര്‍ സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ശത്രുക്കളായി മാറും. അതിനാല്‍ തന്‍റെ വിദ്യാര്‍ത്ഥി ജീവിതകാലം നന്നായി ഉപയോഗപ്പെടുത്തി ഒരു ഉത്തമനായ പൗരന്‍റെ രൂപത്തില്‍ സമൂഹത്തെയും നാടിനെയും ഉയര്‍ച്ചയിലേക്ക് ആനയിക്കുവാനുള്ള നിശ്ചയം വിദ്യാര്‍ത്ഥി എടുക്കുമ്പോഴാണ് വിദ്യാർത്ഥിത്വത്തിന്റെ അർത്ഥം പൂർണമാവുന്നത്
Comments
Post a Comment