ആ പൂനിലാവ് മറഞ്ഞിട്ട് 10 വർഷം
- മുഹമ്മദ് സഫ്‌വാൻ സി
അന്നൊരു ഓഗസ്റ്റ് 1, ടി.വി ചാനലുകളിൽ ഫ്ലാഷ് ന്യൂസ് മാറി മറഞ്ഞു " പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങി'..." ആ വാർത്ത കേട്ട് കേരളമാകെ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു.... കേട്ടവർ കേട്ടവർ പാണക്കാട്ടേക്ക് ഒഴുകി.. മതേതര കേരളത്തിന്റെ അംബാസിഡറെ ഒരു നോക്ക് കാണാൻ ജനലക്ഷങ്ങളായിരുന്നു അവിടെ എത്തിച്ചേർന്നത്... ദൃശ്യ പത്ര മാധ്യമങ്ങൾ ഇത്ര പ്രാധ്യാന്യത്തിൽ റിപ്പോർട്ട് ചെയ്ത ഒരു മരണവും അതിന് മുമ്പും ശേഷവും കേരളം കണ്ടിട്ടില്ല.. ഒരിക്കൽ പോലും തങ്ങളെ കാണാത്ത ആയിരങ്ങൾ വിതുമ്പിപ്പോയ ദിനമായിരുന്നു അന്ന്. കാരണം ജാതിമതഭേദമന്യേ കേരളത്തിലെ ആബാലവൃത്തം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു തങ്ങൾ..
മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായത്തിന്റെയും മുന്നണി പോരാളിയായി തുടരുമ്പോഴും ഇതര മതസ്ഥരുടെയും മറ്റു രാഷ്ട്രീയ കക്ഷികളുടെയും മനസിൽ ഉന്നതമായ സ്ഥാനം കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. വർഗീയ സംഘടനകൾക്ക് കേരളത്തിൽ തടയിടുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1992ൽ ഇന്ത്യൻ മുസ്ലിമിന്റെ മനസുകളെ മുറിവേല്പിച്ച് ഇന്ത്യയുടെ മതേതരത്തിന്റെ മിനാരങ്ങൾ തകർത്തെറിയപ്പെട്ടപ്പോൾ കേരള മുസ്ലിമീങ്ങളെ സമാധാനിപ്പിച്ച് അക്രമങ്ങളും അത് വഴി വർഗീയകലാപങ്ങളും ഉണ്ടാകുന്നത് തടയാൻ മുന്നിൽ നിന്നത് തങ്ങളായിരുന്നു. മതത്തിന്റെ മാനം കാത്തില്ല എന്ന വിമർശനം ഏൽക്കേണ്ടി വന്നു എങ്കിലും തങ്ങളായിരുന്നു ശരി എന്ന് കാലം പിന്നീട് തെളിയിച്ചു. അടുത്തുള്ള വീട്ടിലെ പള്ളിയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിൽ നിന്ന് തേങ്ങ വീണ് പള്ളിയിലെ ഓട് പൊട്ടിപോകുന്നു എന്ന പരാതിയുമായി വന്നവരെ പള്ളിയിലെ ഓട് മാറ്റി കോൺക്രീറ്റ് ചെയ്യാൻ ആദ്യ സംഭാവന ചെയ്ത് തിരിച്ചയച്ച ശിഹാബ് തങ്ങളുടെ മാതൃക കേരളം അറിഞ്ഞതാണ്. തങ്ങളുടെ വിയോഗത്തിലുണ്ടായ വിടവ് ഇന്നും കേരള ജന്മനസ്സുകളിൽ നികത്താൻ പറ്റാതെയുണ്ട്.
Comments
Post a Comment