ഒരു നാൾ
- അബ്ദുൽ റൈഫ് എതിർത്തോട് ഒരു നാൾ... ഇല തേടി വരാറുള്ള ശിശിരത്തെ തേടി ഞാൻ യാത്രയാകും. ഒരിക്കലെങ്കിലും എന്നിലെ പനിനീർ പുഷ്പത്തെ പരിണയിച്ചിട്ടുണ്ടെങ്കിൽ...അന്നു നീ വരിക. യാത്ര ചോദിക്കാനായി ഞാൻ കാത്തിരിക്കും. അടുത്ത വസന്തവും കഴിഞ്ഞ്, നിന്റെ ഓർമ്മകളിൽ എന്നെ പുനർജീവിപ്പിക്കുക. എന്നിട്ട്.... നീയെന്റെ ഹൃദയത്തിൽ ചേക്കേറുക. വ്യസനം കൊണ്ട് മാറു പൊട്ടുമാറ് വെമ്പിനിൽക്കുമാ കാർമേഘ കെട്ടുകളിൽ നിന്ന്, ഇണത്തുള്ളികളായി വീണ്ടും നമുക്ക് ഭൂമിയിൽ ഒരുമിച്ച് ചേക്കേറാം. പകലുറങ്ങുവോളം ചിന്തകളുടെ ചിതയിൽ നോക്കി തീ കായാം. ഇരുട്ട് നമ്മെ ആലിംഗനം ചെയ്യുമ്പോൾ... നക്ഷത്ര ശോഭകളെ സാക്ഷി നിർത്തി.... സ്വപ്നങ്ങളെ വാനിൽ പതിപ്പിച്ചു വയ്ക്കാം. അവിടെ വച്ച് നമ്മുക്ക് പ്രണയം പങ്കിടാം. ഒടുവിൽ കരളു പകുത്തെടുക്കാൻ വരുന്ന പകലുകൾക്കു കാത്തുനിൽക്കാതെ.... ബാക്കി വന്ന സ്വപനങ്ങളെ കൈക്കുമ്പിളിലൊതുക്കി നമുക്ക് ഒരുമിച്ച് യാത്ര പോവാം. പ്രണയം തോൽക്കാത്തൊരിടത്തേക്ക്...