ജൂൺ മഴ
- അബ്ദുൽ റൈഫ്
ഇനിയൊരിക്കൽ കൂടി ആ പഠിപ്പുര മുറ്റത്തേക്ക് ഇറങ്ങിചെല്ലണം.....
വൈകിയെത്തിയെന്ന പേരിൽ വാങ്ങിക്കൂട്ടിയ
ചൂരൽ പ്രഹരങ്ങൾ ഓർത്ത് മനസ്സിനെ ചൂടു
പിടിപ്പിച്ച്, നേരത്തേ തന്നെ അവിടെ എത്തിച്ചേരണം..
ആ പടികൾ കയറും മുമ്പ്... തിരിഞ്ഞു നടന്ന് മറ്റൊരിടത്ത് ചെന്നുനിൽക്കണം..
കഞ്ഞിപ്പുരയിൽ നിന്ന് വിടർന്നിരുന്ന ചേച്ചിയുടെ പുഞ്ചിരിക്ക് ഒരിക്കൽ കൂടി നന്ദി പറയണം..
വരിവരിയായി നിന്ന് ഉച്ചയൂണിനായി നീട്ടിയ പാത്രങ്ങളുടെ കലപില ശബ്ദം ഒന്നുകൂടി ആവാഹിച്ചെടുക്കണം...
വിദ്യാലയപടികൾ കയറുമ്പോൾ, ആ പഴയ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം...
കളിചിരികളാൽ സുന്ദരമാർന്ന ക്ലാസ് മുറിയിൽ ചെന്നൊന്നിരിക്കണം...
തുറന്നിട്ട ജനാലയിൽ കൂടി ഓർമ്മകളുടെ മഴ പെയ്യുന്നത് നോക്കിയിരിക്കണം..
കുട ചൂടാതെ ആ മഴ നനയണം..
മഴ പെയ്തൊഴിഞ്ഞ കൂരക്ക് കീഴെ ജനിച്ചുവീണ എന്നിലെ വിദ്യാർത്ഥിയെ തട്ടിയുണർത്തണം..
അലസമായി തോന്നിയിരുന്ന പാഠഭാഗങ്ങൾക്ക് കാതോർത്തിരിക്കണം..
തോളിൽ കൈയ്യിട്ടിരിക്കാൻ പഴയ കൂട്ടുകാരെ തിരിച്ചു കിട്ടാൻ ഹൃദയം വെമ്പി നിൽക്കുന്നത് അനുഭവിച്ചറിയണം..
എന്നിലെ എന്നെ കണ്ടെത്തിയ ഉണ്ണിമാഷിന്റെ മലയാളം ക്ലാസ്സിലെ അവസാനത്തെ ബെഞ്ചിൽ തല ചായ്ചൊന്ന് കിടക്കണം... "ആസ്വാദനം വിവിധ തലങ്ങളിൽ നടക്കുന്നു" എന്ന മാഷിന്റെ വാക്കുകൾക്ക് വീണ്ടും കാതോർക്കണം..
അവളുടെ കൈ പിടിച്ച് നടക്കാൻ കൊതിച്ച വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കണം....
പറയാൻ മടിച്ച കാര്യം ഉറക്കെ പറയണം...
ആ വരാന്തയിൽ ഗുൽമോഹർ വിരിയിക്കണം...
കുറേ സമയം സംസാരിച്ചിരിക്കണം...
ആളൊഴിഞ്ഞ വഴിയിലൂടെ തിരിച്ചു നടക്കണം..
തിരിച്ചുവരുന്ന സമയത്ത്, അവസാന നാൾ ബാക്കി വച്ച കണ്ണീർ തുള്ളികൾ പൊട്ടിക്കരഞ്ഞു തീർക്കണം...
ഇനിയും തിരിച്ചു വരാൻ.... ചിലത് ബാക്കി വച്ച് തിരിഞ്ഞു നോക്കാതെ നടന്നകലണം.....
Comments
Post a Comment