ലേബര്‍ ക്യാമ്പ്

- അംസൂ മേനത്ത്

സോനാപൂരിലെ സാമാന്യം വലിയൊരു ലേബര്‍ ക്യാമ്പിലേക്ക് ഞങ്ങളേയും വഹിച്ചുള്ള പേടകം വലിയൊരു ശബ്ദത്തോടെ ബ്രേക്കടിച്ചു നിന്നു.

ഈ ശബ്ദം എന്നെ ഓര്‍മ്മിപ്പിക്കുന്നത് ആദ്യതവണ നാട്ടില്‍ പോകാന്‍ വേണ്ടി ബോംബൈ എയര്‍പോര്‍ട്ടിലിറങ്ങാന്‍ നേരം എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും ഉയര്‍ന്ന ശബ്ദമാണ്.

എട്ടു മണിക്കൂര്‍ ജോലിയും നാലു മണിക്കൂര്‍ നിര്‍ബന്ധിത ഓവര്‍ ടൈമുമടക്കം പന്ത്രണ്ടു മണിക്കൂര്‍ ജോലി ചെയ്തു വരുന്ന മുഷിപ്പും ക്ഷീണവും ഇന്നാരുടേയും മുഖത്ത് കാണ്‍മാനില്ല.

ശമ്പളം കിട്ടുന്ന ദിവസമാണിന്ന് !

ക്യാമ്പ് ബോസാണ് വെള്ളക്കവറിലിട്ട ആയിരത്തി ഇരുന്നൂറ് രൂപയും എന്തെങ്കിലും ഉല്‍സവ ബത്തയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്‍ത്ത് തരാറ്.

റൂമിലെത്തിയിട്ട് കുളിമുറിയിലേക്ക് ഓടുന്നത് ശീലമാണെങ്കിലും ശമ്പളം കിട്ടുന്ന ദിവസം അതില്‍ ചില മാറ്റങ്ങള്‍ വരുത്തും.

ശമ്പളം വാങ്ങി എണ്ണിനോക്കി , മണത്ത് നോക്കി , ഭദ്രമായി അടക്കി വെച്ചിട്ടേ കുളിക്കാന്‍ കയറൂ...

ദിര്‍ഹമിന് വല്ലാത്തൊരു മണമാണ്. തന്നെപ്പോലെയുള്ള അനേക ലക്ഷം പേരുടെ അടുപ്പ് പുകയുന്ന, അതില്‍ ചുട്ടെടുക്കുന്ന സ്നേഹസദ്യയുടെ മണം.
വീട്ടില്‍ ഉമ്മയുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയും നിറയുമ്പോള്‍ മനസ്സില്‍ നിറയുന്ന പ്രത്യേകതരം മണം.

ദിര്‍ഹം തീര്‍ന്ന് കാലിയായ വെള്ള കവര്‍ മണപ്പിച്ചു നോക്കലും ഒരു ഹരമാണ്.
ഒരു മാസം മടുപ്പേതുമില്ലാതെ പണിയെടുക്കാന്‍ അത് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. 
ഇതൊക്കെ പഠിപ്പിച്ചത് എന്നെക്കാള്‍ സീനിയറായ മുരളിയേട്ടനും സലാംക്കയുമാണ്.

ക്യാമ്പ് ബോസ്, ഹൈദരാബാദിയായ ഷക്കീല്‍ ഭായി....
ആരോഗ്യം ക്ഷയിച്ച , കാണാന്‍ ഒരു പിഞ്ചു കുഞ്ഞിനെപ്പോലുള്ള സാധു മനുഷ്യനാണ്.

പക്ഷെ ശമ്പളം കൊടുക്കുന്ന ദിവസം അദ്ധേഹത്തിന്‍െറ രൂപവും ഭാവവും മാറും.
ഒരു കുഞ്ഞനുറുമ്പിനെപ്പോലെ കണ്ടിരുന്ന അയാളെ ഞങ്ങളൊരു രാജാവാണെന്ന് സങ്കല്‍പ്പിക്കും.
കിരീടവും ചെങ്കോലുമില്ലാത്ത രാജാവ് !

മുഴക്കത്തിലയാള്‍ പേരു വിളിക്കുമ്പോള്‍ എളിമയോടെ പോയി വാങ്ങും. 
നബിദിന പരിപാടിക്ക് , അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ മാത്രമേ ഇത്രയും ഭക്തി ബഹുമാനത്തോടെ നിന്നിട്ടുള്ളത്.

പിന്നെ ഒരോട്ടമാണ്...

രണ്ടാം തീയതി ഹുണ്ടിക്കാരന്‍െറ ഒരു കോളിനെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന ഉമ്മാന്‍െറയും ഭാര്യയുടേയും മക്കളുടേയും മുഖം ഓര്‍ത്തു കൊണ്ട്.

പതിനായിരം ഇന്ത്യന്‍ രൂപക്ക് എത്രയാണെന്ന് ചര്‍ച്ചയൊന്നും കൂടാതെ ചോദിച്ച ദിര്‍ഹം എണ്ണിക്കൊടുക്കും.കാരണം ഹുണ്ടിക്കാരന്‍ നാട്ടുകാരന്‍ തന്നെയാണ് .

നാളെത്തന്നെ വീട്ടില്‍  കിട്ടുമെന്ന് ഉറപ്പു വരുത്തും.

അല്ലറ ചില്ലറ കടങ്ങള്‍ തീര്‍ത്ത് കുറിയുടെ പൈസയും ഏല്‍പ്പിച്ചാല്‍ പിന്നെ പോക്കറ്റ് ശൂന്യമാവും.
പിറ്റേന്ന് 
കുപ്പായവും പാന്‍റും കൂട്ടിത്തുന്നിയ വസ്ത്രവും ധരിച്ച് ക്ലീനിങ് തൊഴിലാളിയായി പേടകത്തില്‍ കയറുമ്പോള്‍ വലിയൊരു അഭിമാനബോധം മനസ്സിനെ കുളിരണിയിക്കും.

തിരിച്ചു വരുമ്പോള്‍ മൊബൈല്‍ ഓണാക്കി ആദ്യം തിരയുന്നത് ഉമ്മാന്‍െറ മെസ്സേജിനായിരിക്കും.

ഭാര്യയുടെ വാട്സപ്പില്‍ വന്ന സന്ദേശം ഉമ്മാന്‍െറ ശബ്ദമായിരിക്കും.
ഒരായുസ്സ് മുഴുവന്‍ കഷ്ടപ്പെടാനുള്ള ഊര്‍ജ്ജം ഉമ്മാന്‍െറ ശബ്ദത്തിലുണ്ടായിരിക്കും.
 റൂമില്‍ വന്ന് ഒഴിഞ്ഞ കവര്‍ മുഖത്തോടടുപ്പിക്കുമ്പോള്‍ ഭാര്യയുടെ സന്തോഷവും മക്കളുടെ ആഹ്ലാദവും കണ്‍മുന്നിലെന്ന പോലെ തോന്നും.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും